മനസ്സിന്റെ അരങ്ങത്തു നടനമാടുന്ന പ്രതിഭ
പടിഞ്ഞാറ് വശത്തെ അറേബ്യൻ കടലിൽ നിന്നും ആർത്തലച്ചു വരുന്ന കാറ്റ്. ഇരുണ്ട കാർമേഘങ്ങൾ തുറിച്ചു നോക്കുന്ന വാനം. കണ്ണെത്താ ദൂരത്തു മണല്പരപ്പു. കടല്പക്ഷികളുടെ രോദനം. ഒരു പാഴ്ത്തടിയിൽ ഇരുന്നു പുതയുന്ന മണ്ണിൽ കുത്തിവച്ചിരിക്കുന്ന കുടയുടെ പിടിയിൽ പിടിച്ചു കൊണ്ട് അദ്ദേഹം ഒരു രാത്രി മുഴുവൻ അദ്ദേഹം കൂട്ടിരുന്നു. വെള്ളം കുടിച്ചു വീർത്ത വയറും തുറിച്ച കണ്ണുകളുമായി അല്പം അകലെ കിടക്കുന്ന തന്റെ സുഹൃത്തിന്റെ ശവശരീരത്തിന് !
കുറച്ചു നാളുകൾ മുൻപാണ് അപ്പച്ചൻ അങ്കിൾ ആ കഥ പറഞ്ഞത്. എന്റെ പപ്പയുടെ ധൈര്യത്തിന്റെയും സൗഹൃദങ്ങളോടുണ്ടായിരുന്ന കരുതലിന്റെയും കഥ. പി എഫ് മാത്യുസിന്റെ ചാവുനിലം വായിച്ചപ്പോൾ ഒന്ന് കൂടെ അത് ഓര്മ വന്നു. മുളവുകാടാണ് പപ്പയുടെ വീട്. ബോൾഗാട്ടി പാലസും മറ്റുമുള്ള ദ്വീപ്. ഗോശ്രീ പാലം വരുന്നതിനു മുൻപ് എറണാകുളവുമായി ബന്ധപ്പെടാൻ വഞ്ചിയോ ബോട്ടോ മാത്രം ആശ്രയമായിരുന്ന ഒട്ടേറെ തുരുത്തുകളിൽ ഒന്ന്. ആ ഗ്രാമത്തിലെ അക്കാലത്തെ ചുരുക്കം ചില ബിഎക്കാരിൽ ഒരാളായിരുന്ന പപ്പ എല്ലാവര്ക്കും നല്ല സുഹൃത്ത് ആയിരുന്നു. അവരിൽ ഒരാൾ ആത്മഹത്യ ചെയ്തു. മുളവുകാടിന്റെ പടിഞ്ഞാറുവശത്തുള്ള ആൾതാമസമില്ലാത്ത തുരുത്തിലാണ് മൃതദേഹം അടിഞ്ഞത്. പല വള്ളങ്ങളിലായി ആളുകൾ അവിടെ എത്തി. പോലീസിനെ അറിയിച്ചു. പിറ്റേ ദിവസമേ വരാൻ പറ്റൂ എന്ന് അവർ പറഞ്ഞു. അഞ്ചോ ആറോ പതിറ്റാണ്ടു മുൻപ് നടന്ന കാര്യമാണ്. രാത്രി ആകാറായി. ആളുകൾക്ക് തിരിച്ചുപോകണം. ഭയമുണ്ട്. ഈ മൃതദേഹം ഇങ്ങനെ ഇവിടെ കിടത്തിയിട്ട് പോയാൽ കാക്കകളും കടല്പക്ഷികളും തിന്നു വികൃതമാക്കും. അത് അനുവദിച്ചുകൂടാ. എന്നാൽ ശവത്തിനു കാവൽ നിൽക്കാൻ ആരും തയ്യാറായില്ല. അതുകൊണ്ടു ഒരു രാത്രി മുഴുവൻ ആളനക്കമില്ലാത്ത ആ തുരുത്തിൽ എന്റെ പപ്പ ആ മൃതദേഹത്തിന് കാവലിരുന്നു!
പ്രത്യേകതകൾ ഒട്ടേറെയുണ്ടായിരുന്നു അദ്ദേഹത്തിന്. പൂന ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ (FTI I) നിന്നും ബിരുദമെടുത്ത ആദ്യത്തെ മലയാളിയായിരുന്നു. അതിനുശേഷം നാട്ടിലെത്തിയപ്പോൾ പ്രിയ സുഹൃത്തായിരുന്ന പി. ജെ. ആന്റണി തന്റെ നാടകത്തിന്റെ ആദ്യ അവതരണം ഉദ്ഘാടനം ചെയ്യാൻ പപ്പയെ ക്ഷണിച്ചു. പി. ജെ. ആന്റണിയുടെ മരണത്തിന് ശേഷം ഒരിക്കൽ ടിവിയിൽ 'നിർമാല്യം' പ്രദർശിപ്പിച്ചപ്പോൾ കണ്ണുനീരൊഴുക്കിക്കരയുന്ന പപ്പയെ കണ്ടു.
അഭിനയം വളരെ പ്രിയമായിരുന്ന പപ്പ എഴുത്തിനെയും പ്രണയിച്ചു. നാല്പത്തഞ്ചിലേറെ വർഷങ്ങൾക്കു മുൻപാണ് 'ലോകപരിചയം' എന്ന പേരിൽ മലയാളത്തിൽ ആദ്യമായി ഒരു എൻസൈക്ലോപീഡിക് മാഗസിൻ വരുന്നത്. അതിന്റെ പത്രാധിപസമിതിയിൽ അംഗമായിരുന്നു പപ്പ. ചെറുപ്പകാലത്ത് ആനുകാലികങ്ങളിൽ കഥകളും ലേഖനങ്ങളും എഴുതിയിരുന്നു. എമിലി ബ്രോണ്ടിയുടെ വുത്തറിങ് ഹായ്ട്സ് പരിഭാഷപ്പെടുത്തിയത് ലോക ക്ലാസിക് സീരീസിൽ ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിരുന്നു. ജീവിതത്തിന്റെ രണ്ടാം പകുതിയിൽ എഴുത്തു കുറയുകയും വായനയിൽ പൂർണമായി മുഴുകുകയും ചെയ്തതിന്റെ കാരണം അറിയില്ല.
നിലപാടുകളിൽ കാർക്കശ്യം ഉണ്ടായിരുന്നു അദ്ദേഹത്തിന്. കേരളത്തിലെ ആദ്യകാല പ്രെസുകളിൽ ഒന്നും മികച്ച നിലവാരം പുലർത്തുന്നതുമായ എസ ടി റെഡ്ഡ്യാർ ആൻഡ് സൺസിന്റെ മാനേജീരിയൽ സ്റ്റാഫ് ആയിരുന്നു അദ്ദേഹം. മാനേജ്മെന്റിന് പ്രിയങ്കരനായിരുന്നു അദ്ദേഹം എന്നതിന് തെളിവാണ് പ്രസിന്റെ ജൂബിലി സ്മരണിക. രാഷ്ട്രപതി നീലം സൻജ്ജീവ റെഡ്‌ഡി പങ്കെടുത്ത ജൂബിലിയാഘോഷ പരിപാടിയിൽ സ്വാഗതം പറയുന്നത് പപ്പയാണ്! എഴുപതുകളുൾടെ തുടക്കത്തിൽ സാമാന്യം തരക്കേടില്ലാത്ത ശമ്പളം ഉണ്ടായിരുന്നു. എന്റെ നന്നേ ചെറുപ്പ കാലത്തെ ഫോട്ടോകളിൽ ഉള്ള ഡ്രെസ്സുകളും ഷൂസുകളും എല്ലാം ആ സാമ്പത്തിക ഭദ്രതയുടെ സൂചനകളാണ്. എന്നാൽ പ്രെസ്സിലെ സാധാരണ സ്റ്റാഫിന് ശമ്പളം കുറവായിരുന്നു. അവർ സമരം ചെയ്യാൻ നിര്ബന്ധിതരായി. പപ്പ അവരുടെ ആവശ്യത്തെ പിന്തുണച്ചു. പ്രസ് സ്റ്റാഫിനെ പിരിച്ചുവിട്ടു. പപ്പയ്‌ക്കെതിരെ നടപടി ഉണ്ടായില്ലെന്ന് മാത്രമല്ല; തുടർന്ന് സേവനം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പിരിച്ചുവിടപ്പെട്ട സ്റ്റാഫിനോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചു പപ്പ ജോലി രാജി വയ്ക്കുകയാണ് ചെയ്തത്! കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കുന്ന ഒരു തീരുമാനമായിരുന്നു അതെങ്കിലും ഞങ്ങൾ മക്കൾക്ക് എന്നും ആദരവോടെ അദ്ദേഹത്തെ ഓർക്കുന്നതിനുള്ള കാരണമാണ് ആ ആത്മാഭിമാനമുള്ള തീരുമാനം.
സാഹിത്യപരിഷത് പ്രെസ്സിന്റെ മാനേജരായും ഡി സി ബുക്സിലും അവസാനം മലയാള മനോരമയിലും അദ്ദേഹം പ്രവർത്തിച്ചു. ഡി സി ബുക്സിലായിരുന്നപ്പോൾ ശനിയാഴ്ചകളിൽ എന്നെയും കൂടെ കൊണ്ടുപോകുമായിരുന്നു. ആയിരക്കണക്കിന് പുസ്തകങ്ങളുടെ നടുവിലിരുന്നു രാവിലെ മുതൽ വൈകുന്നേരം വരെ വായിക്കാം! സുമംഗലിയുടെ 'മിഠായിപ്പൊതി' വാങ്ങിച്ചുകൊണ്ടുവന്നിട്ടു മിടായിയാണെന്ന് തന്നെ പറഞ്ഞാണ് കയ്യിൽ തന്നത്. വായനയ്ക്ക് മിഠായിയെക്കാൾ ഏറെ മധുരമുണ്ടെന്നു പപ്പ പഠിപ്പിച്ചു. വെറും അഞ്ചു കിലോമീറ്റർ അകലെയുള്ള കടുത്തുരുത്തിയിൽ പോകുന്നത് ചെറുപ്പകാലത്തു വിദേശത്തുപോകുന്നത് പോലുള്ള ആകർഷകമായ കാര്യമായിരുന്നു. വല്ലപ്പോഴുമൊരിക്കൽ സംഭവിക്കുന്ന അത്തരമൊരു യാത്രയിൽ അമ്മച്ചിയോട് അല്പമൊരു നിർബന്ധം ചെലുത്തിയാണ് ഒരു വാട്ടർ കളർ (കേക്സ്) ബോക്സ് വാങ്ങിയത്. അക്കാലത്തു എറണാകുളത്തു ജോലി ചെയ്തിരുന്ന പപ്പ ആഴ്ചയിൽ ഒരിക്കലെ വീട്ടിൽ വരികയുള്ളൂ. പപ്പ വന്നപ്പോൾ ഞാൻ നിറങ്ങളുമായി കളിക്കുകയാണ്. വാട്ടർ കളർ ബോക്സിന്റെ കൂടെ കിട്ടുന്ന ഒരു ബ്രഷ് മാത്രമാണ് ആശ്രയം. അതുകൊണ്ടു ഞാൻ ഒരു മഴവില്ലു വരച്ചു. മഴവില്ല് എന്ന് എഴുതുകയും ചെയ്തു. ബ്രഷ് കൊണ്ട് ഇങ്ങനെ എഴുതുന്നത് അത്ര എളുപ്പമല്ല എന്ന് അമ്മച്ചിയോടു പറഞ്ഞ പപ്പ അടുത്തയാഴ്ച വന്നത് വാട്ടർ കളർ ട്യൂബുകളും ബ്രഷുകളും വരക്കാനുള്ള പേപ്പറുകളുമായിട്ടാണ്. പിന്നീട് തീരുന്ന മുറക്ക് വാങ്ങി തന്നുകൊണ്ടേയിരുന്നു. വളരെ വിലയുള്ള ഗ്രേറ്റ് ആര്ടിസ്ട്സ് സീരീസിലെ ഏതാണ്ടെല്ലാ ബുക്കും വാങ്ങിത്തന്നു. സ്ഥിരമായി വരക്കാത്തതിന് വഴക്കു പറഞ്ഞു. തൃപ്പൂണിത്തുറ ആർ എൽ വി കോളേജിൽ പപ്പ കലാചരിത്രത്തിൽ ക്ളാസെടുക്കുമായിരുന്നു എന്നതൊക്കെ പിന്നീടാണു അറിയുന്നത്. ഇത്തരം കലാതാല്പ്യര്യവും മറ്റും കൊണ്ടായിരിക്കണം, പത്താം ക്ലാസിൽ പഠിക്കുമ്പോൾ പഠനത്തേക്കാളേറെ നാടകം കളിക്ക് പ്രാധാന്യം കൊടുത്ത മണ്ടത്തരം കാണിച്ചിട്ടും ഒന്നും പറയാതിരുന്നത്. ജോൺ അബ്രഹാമിന്റെ 'ചെന്നായ്ക്കൾ ചെന്നായ്ക്കൾ അഥവാ പട്ടിണി മരണം' എന്ന നാടകവുമായി സംസ്ഥാന കലോത്സവത്തിന് പോയ ഞങ്ങൾ സമ്മാനം കിട്ടും എന്ന വൃഥാസ്വപ്നത്തിൽ ആയിരുന്നു. "റിഹേഴ്സൽ നടക്കുമ്പോൾ തിരുത്തുകൾ വരുത്തുന്ന സംവിധായകനോട് ഞാൻ സ്റ്റേജിൽ ശരിയാക്കിക്കൊള്ളാം എന്ന് ഒരിക്കലും പറയരുത്" എന്ന് മാത്രമാണ് പപ്പ ഉപദേശിച്ചത്.
വളരെ ചെത്തിക്കൂർപ്പിച്ച വാക്കുകൾ ഉപയോഗിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ. വാക്യഘടന ഒരിക്കലും തെറ്റില്ല. പുരോഹിതനായതിനു ശേഷം മുളവുകാട് ഒരു കസിന്റെ കല്യാണത്തിൽ ഞാൻ പ്രസംഗിച്ചു. പപ്പയുടെ ഒരു സുഹൃത്ത് പറഞ്ഞത് "എത്രയായാലും രാജൻ ചേട്ടന്റെ (എം പി ജെ രാജൻ എന്നായിരുന്നു പപ്പയുടെ പേര്) വാഗ്‌ചാതുരിയുടെ അടുത്തെങ്ങും വരില്ല" എന്നാണു!
റേഡിയോ, ടേപ്പ് റിക്കോർഡർ തുടങ്ങിയവയോടു വലിയ പ്രിയമായിരുന്നു പപ്പയ്ക്ക്. എച് എം വിയുടെ ഒരു റിക്കോർഡ് പ്ലെയർ ഉണ്ടായിരുന്നു. ഒട്ടേറെ റിക്കോർഡുകളും. ഒരു ഓഡിയോ സ്പൂൾ ടേപ്പ് പ്ലെയറുമുണ്ടായിരുന്നു. അന്നത്തെകാലത്തെ ഒരു ഗാഡ്ജറ്റ് പ്രേമി! എന്റെ ഗാഡ്ജറ്റ് പ്രേമം വന്നതിന്റെ വഴി വേറെ തിരയേണ്ടല്ലോ.
ഞാൻ പുരോഹിതനാകുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നോ എന്ന് അറിഞ്ഞുകൂടാ. ചെയ്യുന്നതെന്താണെങ്കിലും നന്നായി ചെയ്യാൻ ശ്രമിക്കണം എന്ന് പറയുമായിരുന്നു. ഒരു സുഹൃത്തിനെപ്പോലെ ഇടപെടുമായിരുന്ന അദ്ദേഹം ആവശ്യം വരുമ്പോൾ കർക്കശകാരനും ആയിരുന്നു. എന്റെ കയ്യിലിരുപ്പിന്റെ ഗുണം കൊണ്ട് വർഷത്തിൽ കുറഞ്ഞത് രണ്ടു തവണ നല്ല തല്ലും അദ്ദേഹത്തോട് വാങ്ങിയിരുന്നു!
അമ്പതുവർഷം മുൻപ് ഭാര്യയെ പെരുവിളിക്കുകയോ എടീ എന്ന് വിളിക്കുകയോ ചെയ്യാത്ത ഭർത്താവ് എന്ന നിലയ്ക്കും അദ്ദേഹം എന്നെ സ്വാധീനിച്ചു എന്നതാണ് സത്യം. ഭാര്യയ്ക്ക് ബഹുമാനം കൊടുത്തത് പറയാതെ പറയുന്ന ഒരു നിർദേശമായിത്തന്നെയാണ് ഞാൻ കരുതിയത്. ആൺമകനെയും പെൺമക്കളെയും ഒരേപോലെ സ്നേഹിച്ചു.
ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ചിക്കൻ പോക്സ് വന്നു വിരൂപമായ എന്റെ മുഖം കണ്ടു പപ്പ കരഞ്ഞു എന്നാണു പിന്നീട് അമ്മച്ചി പറഞ്ഞത്. ഏതായാലും പപ്പയ്ക്കും അതോടൊപ്പം ചിക്കൻ പോക്സ് വന്നു. കുറെയേറെ ദിവസങ്ങൾ അങ്ങനെ ഓർമിച്ചു കിടന്നു വർത്തമാനം പറയാനും മറ്റും കഴിഞ്ഞു.
മരണമടുത്ത നാളുകളിൽ എന്നോടൊപ്പം ഹൈദരാബാദിലായിരുന്നു പപ്പ. പെണ്മക്കളെപ്പോലെ തന്നെ എന്റെ ഭാര്യയെ പപ്പ സ്നേഹിച്ചു. ആ സ്നേഹം മടക്കിക്കൊടുക്കാൻ നിവിക്കും കഴിഞ്ഞു. പതിവുപോലെ പിറന്നാൾ വിവാഹദിന പ്രാർത്ഥനകൾക്കായി രാവിലെ ഞാൻ ഭാവാസന്ദർശനത്തിനു പോയപ്പോഴാണ് പപ്പയ്ക്ക് അസുഖം മൂർച്ഛിച്ചത്. അന്ത്യവായു വലിക്കുകയാണെന്നു നിവിക്കു മനസ്സിലായില്ല. എന്നാൽ ഉയർന്ന ശബ്ദത്തിൽ ശ്വാസം വലിക്കുന്നത് കേട്ട നിവി ഭയന്ന് പാപ്പയോടു "ഇങ്ങനെ ശ്വാസം വലിക്കല്ലേ പപ്പ, എനിക്ക് പേടിയാകുന്നു" എന്ന് പറഞ്ഞപ്പോൾ മരണത്തോടടുത്ത നേരത്തും ശ്രമപ്പെട്ടു ശ്വാസം വലിക്കുന്നത് പപ്പ നിയന്ത്രിച്ചു!
കേരള പ്രസ് അക്കാഡമിയിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ മനോരമയിലെ ലൈബ്രെറിയൻ ക്ലാസ് എടുക്കാൻ വന്നു. എന്റെ പാപ്പായെക്കുറിച്ചു പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് "ശ്രീ രാജൻ അദ്ദേഹത്തിന്റെ കഴിവുകൾ നോക്കുമ്പോൾ എത്തേണ്ടയിടത്തു എത്താതെ പോയ ഒരാൾ ആണ്" എന്നാണ്. അത് പപ്പയ്ക്കും അറിയാമായിരുന്നു എന്ന് തോന്നുന്നു. അതിന്റെ നിരാശ പ്രകടിപ്പിച്ചിരുന്നില്ല എങ്കിലും.
സ്വാംശീകരിക്കാവുന്ന അനേക മാതൃകകൾ എനിക്ക് തന്നു എന്റെ പിതാവ്. എന്റെ മക്കളിലേക്കു അത് നന്നായി പകരാൻ എനിക്ക് കഴിയുമോ? അറിയില്ല.
ഒരു ദ്വീപിൽനിന്നുമുള്ള മനുഷ്യൻ. മനുഷ്യരെ സ്നേഹിച്ച, ചില മൂല്യങ്ങളിൽ വിശ്വസിച്ച മനുഷ്യൻ. ജീവിതത്തെ ത്രീവ്രതയോടെ പുൽകിയ ഒരാൾ. വാക്കുകളിലും പെരുമാറ്റത്തിലും കലാവബോധമുണ്ടായിരുന്നയാൾ. എത്തേണ്ടയിടത്തു എത്താതെ പോയ ആൾ. കാലം മുന്നോട്ടു പോകും. മറവിയുടെ പൊടിമണൽക്കാറ്റു വന്നു ഓർമകളെ മൂടും. ഈ വ്യത്യസ്തനായിരുന്ന മനുഷ്യന്റെ ഓർമ്മകൾ എത്ര തലമുറകളിലേക്ക് പടരും? ആർക്കറിയാം?!